രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റില്ലാതെയും വാഹനമോടിച്ചതിനെത്തുടർന്ന് 42 വാഹനങ്ങൾ റാസൽഖൈമ പോലീസ് പിടിച്ചെടുത്തു.
ആധുനിക ട്രാഫിക് സംവിധാനങ്ങളിലൂടെ സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തന്ത്രത്തിന് അനുസൃതമായാണ് ഈ വാഹനങ്ങളുടെ ഉടമകൾക്കെതിരെ റാസൽഖൈമ പോലീസിൻ്റെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ശരിയായ അംഗീകാരം ലഭിക്കാതെ ഉടമകൾ നിയമവിരുദ്ധമായി എഞ്ചിനോ ചേസിസോ പരിഷ്കരിച്ച വാഹനങ്ങൾ 2023ൽ 247 നിയമലംഘനങ്ങൾ ആണ് നടത്തിയതെന്ന് റാസൽഖൈമ പൊലീസിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ആൻഡ് കൺട്രോൾ വിഭാഗം മേധാവി മേജർ ഖാലിദ് അൽ ഷംസി വെളിപ്പെടുത്തി.
ഓരോ ലംഘനത്തിനും 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും നൽകി 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ലൈസൻസ് പ്ലേറ്റ് ഇല്ലാതെ ഓടിച്ച 42 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഓരോ കുറ്റത്തിനും ഉടമകൾക്ക് 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റുകൾ കുറയ്ക്കുകയും വാഹനങ്ങൾ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുമായി ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും റാസൽഖൈമയിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.