ഫലസ്തീനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഗാലൻ്റ് കിംഗ്റ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷൻ്റെ ഭാഗമായി ഗാസയിലെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ഈജിപ്ഷ്യൻ നഗരമായ അൽ ആരിഷിലേക്ക് യുഎഇ അഞ്ച് ഓട്ടോമാറ്റിക് ബേക്കറികൾ അയച്ചു.
നിലവിലെ സാഹചര്യത്തിൽ ഗാസയിൽ റൊട്ടി ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ സംരംഭം. യുഎഇ നൽകുന്ന ഈ ബേക്കറികൾ പ്രവർത്തനക്ഷമമാകുമ്പോൾ 420,000-ത്തിലധികം ആളുകളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റും.
മണിക്കൂറിൽ 17,500 റൊട്ടിയാണ് ഓരോ ബേക്കറിയുടെയും ഉൽപ്പാദന ശേഷി. അഞ്ച് ബേക്കറികളുടെ പ്രവർത്തനം 24 മണിക്കൂറും ഉറപ്പാക്കാൻ മൈദ, ഡീസൽ, മറ്റ് സാമഗ്രികൾ എന്നിവ നൽകാനുള്ള ഉത്തരവാദിത്തം യുഎഇക്കായിരിക്കും. ഗാസയിലെ ബേക്കറികൾ പ്രവർത്തിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ആളുകളുടെ ശമ്പളവും യുഎഇ നൽകും.