ഡോക്ടർമാരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു . അനുഭവിച്ച വെല്ലുവിളികളും വേദനനകളും ആശ്വാസമായ വൈദ്യ സഹായവും തീവ്രത ഒട്ടും ചോരാതെ അബുദാബിയിൽ അൽ ഖാനയിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതിജീവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും.
യുഎഇയിലെ ആദ്യ ‘ഹെൽത് ഫോർ ഹോപ്പ് ‘ പ്രദർശന വേദിയാണ് പ്രേക്ഷകർക്ക് ദൃശ്യാനുഭവമൊരുക്കിയത്. ബുർജിൽ ഹോൾഡിങ്സിന് കീഴിലെ ബുജിൽ മെഡിക്കൽ സിറ്റി (ബി.എം.സി.) നിർമ്മിച്ച എച്ച് ഫോർ ഹോപ്പ് യഥാർത്ഥ ജീവിതത്തിലെ രോഗികളുടെയും അപൂർവവും സങ്കീർണ്ണവുമായ അനുഭവങ്ങൾക്കാണ് ദൃശ്യാവിഷ്കാരം നൽകിയത്.പ്രദർശനത്തിന് മുന്നോടിയായി ഇവർ റെഡ് കാർപ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി.
അഞ്ചു ഹൃസ്വ ചിത്രങ്ങളാണ് ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ച് പുറത്തിറക്കിയത്. പ്രത്യേക സ്ക്രീനിങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം അനേകം പേരാണ് പ്രേക്ഷരായി എത്തിയത് .
രോഗത്തെ അതിജീവിച്ച് റെഡ് കാർപെറ്റിലൂടെ നടക്കാനായത് അവിസ്മരണീയമായ അനുഭവമായെന്നു പങ്കെടുത്തവരും കുടുംബാംഗങ്ങളും പറഞ്ഞു. അബുദബിയുടെ മെഡിക്കൽ മുന്നേറ്റം പ്രേക്ഷകരുമായി പങ്കിടുന്നതിന്നാണ് സീരീസിലൂടെ ശ്രമിക്കുന്നതെന്നും പ്രത്യാശയുടെ പ്രതീകങ്ങളാണ് ഇതിലെ ഓരോ അനുഭങ്ങളെന്നും ബുർജിൽ ഹോൾഡിങ്സ് സി. ഇ. ഒ . ജോൺ സുനിൽ പറഞ്ഞു.
എച്ച് ഫോർ ഹോപ്പ് സീരിസിലെ വിഡിയോകൾ യു ട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം.