ദുബായിൽ പണം നൽകാതെ യാത്ര ചെയ്യുന്നത് തടയുന്നതിനായി ഉടൻ പുറത്തിറക്കുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് ( APC) സംവിധാനം സ്ഥാപിക്കുമെന്ന് ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. യഥാർത്ഥ യാത്രക്കാരുടെ നമ്പറുകൾ രേഖപ്പെടുത്തി ഓട്ടോമേറ്റഡ് നിരക്ക് പൊരുത്തപ്പെടുത്തിക്കൊണ്ട് പോകുന്ന ഒരു സിസ്റ്റമാണിത്.
നിലവിൽ, ദുബായിലെ ബസ് സംവിധാനത്തിൽ , ബസിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും അവരുടെ നോൽ കാർഡ് ടാപ്പുചെയ്യുമെന്ന നല്ല വിശ്വാസത്തോടെ യാത്രക്കാരെ ബസിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ യാത്രക്കാർ മനപൂർവം കാർഡ് ടാപ്പുചെയ്യാതെ ബസിൽ കയറികൂടുന്നവരുമുണ്ട്. ഇങ്ങനെ ദുബായിൽ ബസ് ചാർജ്ജ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന യാത്രക്കാരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കി വരുന്നുണ്ട്.
എന്നാൽ ഈ വർഷവും അടുത്ത വർഷവും വിന്യസിക്കുന്ന 636 പുതിയ ബസുകളിൽ ഇത്തരത്തിലുള്ള പണം നൽകാതെ യാത്ര ചെയ്യുന്നത് തടയാനായി ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് സംവിധാനം സ്ഥാപിക്കുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് സംവിധാനം നിരീക്ഷിക്കുകയും എണ്ണുകയും ചെയ്യും. കൗണ്ടിംഗ് സെൻസറുകൾ വാതിലിലൂടെ കടന്നുപോകുന്ന യാത്രക്കാരെ തൽക്ഷണം കൃത്യമായി കണ്ടെത്തും. ബസിലെ ആളുകളുടെ എണ്ണവും അവരുടെ നോൽ കാർഡുകൾ ടാപ്പുചെയ്ത് യാത്രാക്കൂലി നൽകിയവരുടെ എണ്ണവും താരതമ്യം ചെയ്യാൻ തത്സമയ ഡാറ്റ നൽകാൻ ഈ സിസ്റ്റത്തിന് കഴിയും.
നിരക്ക് ശേഖരണം പരിശോധിക്കുന്നതിനു പുറമേ, യാത്രക്കാരുടെ ആവശ്യം അറിയാനും അല്ലെങ്കിൽ ഏത് ലൈനുകളിൽ ഏത് സമയത്താണ് ബസുകൾ എങ്ങനെ വിന്യസിക്കേണ്ടത് എന്നറിയാനും കൗണ്ടിംഗ് സൊല്യൂഷൻ ഉപയോഗിക്കാനാകും.