ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ശുചീകരണത്തിനിടെ വെടിയുണ്ടകള്‍ കണ്ടെത്തി. സീറ്റിൻ്റെ അടിയിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
എല്ലാ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.
കർശന സുരക്ഷ പരിശേധനകൾക്കിടയലും ഇത് എങ്ങനെ വിമാനത്തിനുള്ളിൽ എത്തി എന്നതാണ് ആശങ്ക ഉയർത്തുന്നത്. 400 ലധികം വിമാനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീഷണികൾക്കിടയിലാണ് ഈ സംഭവം. ഈ ഭീഷണികൾ ഭൂരുപക്ഷവും വ്യാജമായിരുന്നു എങ്കിലും, അവ ഉയർന്ന സുരക്ഷാ നടപടികൾക്ക് കാരണമായി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഭീഷണികൾ, വ്യോമയാന, ഡിജിറ്റൽ അധികാരികളിൽ നിന്ന് പെട്ടെന്നുള്ള പ്രതികരണങ്ങൾക്ക് കാരണമായി.