ദുബായിൽ പ്രധാന റോഡുകൾ വികസിപ്പിക്കുന്നതിനായി 16 ബില്യൺ ദിർഹത്തിൻ്റെ 22 പ്രധാന പദ്ധതികളാണ് ദുബായ് ആസൂത്രണം ചെയ്യുന്നത്. റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ 2024-2027 മെയിൻ റോഡ്‌സ് ഡെവലപ്‌മെൻ്റ് പ്ലാൻ ഇന്ന് ഞായറാഴ്ച ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.
മാത്രമല്ല, ദുബായ് ട്രാമിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച്, എമിറേറ്റിലുടനീളം എട്ട് സ്ഥലങ്ങളിൽ ഒരു സ്വയംഭരണ, പരിസ്ഥിതി സൗഹൃദ വൈദ്യുത ഗതാഗത സംവിധാനമായ ‘ട്രാക്ക്‌ലെസ് ട്രാം’ പദ്ധതി നടപ്പാക്കുന്നത് പഠിക്കാനും ഷെയ്ഖ് ഹംദാൻ ആർടിഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ദുബായിൽ മൊബിലിറ്റി വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ട്രാഫിക് മാനേജ്‌മെൻ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (ai ) സംയോജനവും സ്വയംഭരണ ഗതാഗതത്തിലെ പദ്ധതികളും സംരംഭങ്ങളും ഷെയ്ഖ് ഹംദാൻ അവലോകനം ചെയ്തു.