ദുബായിൽ മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനും, കാലാവസ്ഥാ സംബന്ധമായ വെല്ലുവിളികളിൽ നിന്നും ഭാവിയിൽ വെള്ളപ്പൊക്ക സാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള പ്രധാന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ദുബായിൽ കഴിഞ്ഞ ഏപ്രിലിൽ അഭൂതപൂർവമായ മഴയാണ് ലഭിച്ചത്, നഗരത്തിന് ഒരു വർഷത്തിനുള്ളിൽതന്നെ ഒരു വർഷം മൂല്യമുള്ള മഴ ലഭിച്ചു. വെള്ളപ്പൊക്കമുണ്ടായതിനാൽ ദുബായിലുടനീളം പല തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു.
ഇതിന് പരിഹാരമായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നഗരത്തിലെ ഡ്രെയിനേജ് കപ്പാസിറ്റി 700 ശതമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന 30 ബില്യൺ ദിർഹം ‘തസ്രീഫ്’ (‘Tasreef’ ) പദ്ധതിക്ക് ജൂണിൽ അംഗീകാരം നൽകിയിരുന്നു.
2033-ഓടെ പൂർത്തീകരിക്കാനൊരുങ്ങുന്ന തസ്രീഫ് പദ്ധതിയുടെ ഒരു ഘട്ടം പ്രവർത്തനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, നിലവിലുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ മെച്ചപ്പെടുത്തി അവയുടെ ശേഷി കൂടി വർധിപ്പിച്ച് വരികയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു.