ദുബായ്: പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് രാജ്യത്ത് തടഞ്ഞ് യുഎഇ. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനവാണ് യുഎഇയിൽ തടഞ്ഞത്. പുതിയ നിയമം 2025 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
ഈ 9 അവശ്യ വസ്തുക്കളുടെ വില മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറവ്യാപാരികൾ വർദ്ധിപ്പിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. അടുത്ത വർഷം മുതൽ വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർ പുതിയ നയം നടപ്പിലാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
പുതുക്കിയ വില ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും മിന്നൽ പരിശോധനയും ഊർജിതമാക്കുമെന്നും അധികൃതർ കൂ്ട്ടിച്ചേർത്തു.