ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകൾ വർദ്ധിക്കുന്നതിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചുള്ള സമയബന്ധിതമായ അപ്‌ഡേറ്റുകൾ പങ്കിടാൻ ഇന്ത്യ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകൾ വർദ്ധിച്ചതിന് പിന്നാലെ ഇന്ത്യ ജാഗ്രത ഒരു പരിധിവരെ ഉയർത്തിയിട്ടുണ്ട്. അയൽരാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ഇന്ത്യയിലെ തയ്യാറെടുപ്പിൻ്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഇന്നലെ ശനിയാഴ്ച ഹെൽത്ത് സർവീസ് ഡിജിയുടെ അധ്യക്ഷതയിൽ ജോയിൻ്റ് മോണിറ്ററിംഗ് ഗ്രൂപ്പിൻ്റെ യോഗം ചേർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടന, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെൽ, ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഡൽഹി എയിംസ് ഉൾപ്പെടെയുള്ള ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ യോഗത്തിൽ പങ്കെടുത്തു. ഇൻഫ്ലുവൻസ സീസൺ കണക്കിലെടുത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ നിലവിലെ വർദ്ധനവ് അസാധാരണമല്ലെന്ന് വിദഗ്ധർ സമ്മതിച്ചു.