ഷാർജയിൽ താമസക്കാർക്ക് ഇപ്പോൾ ആഡംബര കാറുകളിൽ ഡ്രൈവിംഗ് പരിശീലനം നേടാം. ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഷാർജ പോലീസ് ഈ പ്രീമിയം സേവനം ആരംഭിച്ചിരിക്കുന്നത്.
കമ്മ്യൂണിറ്റി അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന വിവിധ മേഖലകളുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സേനയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ സംരംഭമെന്ന് ഷാർജ പോലീസിലെ വെഹിക്കിൾ ആൻഡ് ഡ്രൈവർ ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽ കേ പറഞ്ഞു.
ഏറ്റവും ഉയർന്ന ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ഏറ്റവും പുതിയ പരിശീലന രീതികളും ഉൾക്കൊള്ളുന്നതാണ് ആഡംബര വാഹനങ്ങളിലെ ഡ്രൈവിംഗ് പരിശീലനമെന്ന് ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ തരെക് അബ്ദുൾറഹ്മാൻ അൽ സലേഹ് പറഞ്ഞു. ഈ മേഖലയിൽ വിപുലമായ അനുഭവപരിചയമുള്ള പ്രൊഫഷണൽ ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിലാണ് പരിശീലനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.