ഷാർജയിൽ ഇ സ്കൂട്ടറിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് 9 വയസ്സുള്ള അറബ് ആൺകുട്ടിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടതായി ഷാർജ പോലീസ് അറിയിച്ചു.
ഇന്നലെ വ്യാഴാഴ്ച പുലർച്ചെ ഷാർജയിലെ അൽ ഫൽജ് പ്രദേശത്ത് അമിതവേഗതയിലെത്തിയ വാഹനം കുട്ടിയെ ഇടിച്ചായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായി പോലീസിൻ്റെ ഓപ്പറേഷൻസ് റൂമിലേക്ക് എമർജൻസി കോൾ റിപ്പോർട്ട് ചെയ്തു.
ട്രാഫിക് പട്രോളിംഗും ദേശീയ ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിന് ഉത്തരവാദിയായ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി വാസിത് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ കുട്ടി റോഡ് മുറിച്ചുകടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പോലീസ് അന്വേഷണം തുടരുകയാണ്.