മാർച്ച് 23 ന് ദുബായിൽ ഉണ്ടായ ഹോട്ട് എയർ ബലൂൺ അപകടത്തിൽ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.
മരുഭൂമിയിലൂടെ ബലൂൺ സവാരി നടത്തുന്ന ഒരു റഷ്യൻ വിനോദസഞ്ചാരിയുടെയും അമ്മയുടെയും ദൃശ്യങ്ങൾ വൈറലായിരിന്നുവെന്നും അവർക്ക് മരണം സംഭവിച്ചുവെന്നും വ്യാജ റിപ്പോർട്ടുകൾ പരന്നിരുന്നു. എന്നാൽ സംഭവത്തെത്തുടർന്ന് ചില പരിക്കുകൾ ഉണ്ടായിരുന്നുവെന്നത് യാഥാർഥ്യമായിരുന്നെന്നും ഉടനടി അവർക്ക് വൈദ്യസഹായം ലഭ്യമാക്കിയിരുന്നതായും ദുബായ് പോലീസ് അറിയിച്ചു.
ബലൂൺ ലാൻഡിംഗിനിടെ കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ദുബായ് പോലീസ് പറഞ്ഞു. സമഗ്രമായ ഒരു ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്.
അനാവശ്യമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും കൃത്യമായ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.