അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ എബിസൺ ജേക്കബിന് 150,000 ദിർഹം സമ്മാനം ലഭിച്ചു. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്.
204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമായ 11 പേരോടൊപ്പമാണ് എബിസൺ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അർഹനായ വിവരം പരിപാടി അവതാരകനായ റിച്ചാർഡ് ആണ് പ്രഖ്യാപിച്ചത്. `ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു. റിച്ചാർഡ് ആണ് വിളിച്ചത്. ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. സത്യം അറിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ലെന്നും എബിൻസൺ പറയുന്നു.
സമ്മാനത്തുക 12 പേരും ചേർന്ന് തുല്ല്യമായി വീതിക്കും. ഇനിയും ടിക്കറ്റുകൾ വാങ്ങിക്കുന്നത് തുടരും, എന്നെങ്കിലും ഒരിക്കൽ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കുമെന്നും എബിൻസൺ പറഞ്ഞു. നാളെ ജൂലൈ 3 നാണ് അബുദാബി ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസിനുള്ള നറുക്കെടുപ്പ് നടക്കുന്നത്.