ഇന്നലെ വെള്ളിയാഴ്‌ച വൈകുന്നേരം 5.20ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയർഇന്ത്യ എക്‌സ്പ്രസിൻ്റെ IX 524 നമ്പർ വിമാനം പുറപ്പെട്ടത് ഇന്ന് ശനിയാഴ്ച്ച പുലർച്ചെ 1.13 ന്.
ഇതുമൂലം സ്ത്രീകളും കുട്ടികളും രോഗികളും ഗർഭിണികളും അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരും സന്ദർശക വീസ കാലാവധി കഴിഞ്ഞ് മടങ്ങുന്നവരുമുൾപ്പെടെ നൂറിലേറെ യാത്രക്കാർ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു രാത്രി മുഴുവൻ കാത്തിരിക്കേണ്ടി വന്നു.
ഇന്നലെ ഉച്ചയോടെ യാത്രക്കാർക്ക് വിമാനം വൈകുമെന്നും വൈകീട്ട് 7.10ന് മാത്രമേ പുറപ്പെടാനാകൂ എന്നും അറിയിപ്പ് ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം 6.45ഓടെ വിമാനത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിന് പുറപ്പെടാനാകാതെ വരികയായിരുന്നു.
വിമാനം വൈകുന്നതിൻ്റെ കാരണം ‘ഓപറേഷനൽ പ്രശ്നങ്ങൾ’ എന്നാണ് എയർ ഇന്ത്യ എക്‌സ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. യാത്രക്കാർക്ക് വിമാനക്കമ്പനി SMS വഴി അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച്, അടുത്ത ഏഴ് ദിവസത്തിനുള്ളിൽ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാനോ, അല്ലെങ്കിൽ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് വരെ മുഴുവൻ പണം തിരികെ വാങ്ങാനോ സംവിധാനമൊരുക്കിയിരുന്നു.