യുഎഇയിൽ 2025 ലെ ആദ്യ ആറുമാസത്തിൽ ഫെഡറൽ ടാക്‌സ് അതോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത 1.76 കോടി വസ്‌തുക്കൾ പിടിച്ചെടുത്തു. പുകയില ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്സ്, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്‌തുക്കളാണ് പിടിച്ചെടുത്തത്.
ഇക്കാലയളവിൽ വിവിധ ഭാഗങ്ങളിലായി 85,500 പരിശോധനകൾ ടാക്‌സ് അതോറിറ്റി അധികൃതർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം 110 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്. നികുതിയും പിഴകളുമായി ആറു മാസത്തിനിടെ 35.72കോടി ദിർഹം ചുമത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 86.29 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. പ്രദേശിക വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധനകൾ പൂർത്തിയാക്കിയത്.