സാങ്കേതിക തകരാറിനെതുടർന്ന് അബുദാബിയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനം 2 മണിക്കൂർ പറന്ന ശേഷം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഇന്നലെ വെള്ളിയാഴ്ച രാത്രി 11.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6ഇ-1403 നമ്പർ വിമാനമാണ് ഇന്ന് ശനിയാഴ്ച പുലർച്ചെ 1.44 ന് തിരികെ ഇറക്കിയത്. വിമാനത്തിൽ 180ൽ അധികം യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന് യാത്രക്കാർക്കായി ഇൻഡിഗോ മറ്റൊരു വിമാനം ഏർപ്പെടുത്തി. ഈ വിമാനം പുലർച്ചെ 3.30ന് അബുദാബിയിലേക്ക് പുറപ്പെട്ടു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ നിയന്ത്രണങ്ങൾ കാരണം പഴയ ജീവനക്കാർക്ക് പകരം പുതിയ ജീവനക്കാരെയാണ് ഈ വിമാനത്തിൽ നിയോഗിച്ചത്.