ദുബായിലെ അൽ നഹ്ദ സ്ട്രീറ്റിൽ മെട്രോ സ്റ്റേഷന് എതിർവശത്ത് ഒരു ലോറി പെട്ടെന്ന് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരമായ പരിക്കുകളും മറ്റൊരാൾക്ക് നിസ്സാര പരിക്കുകളുമാണ് ഉണ്ടായത്. ഇരുവരെയും ഉടൻ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തെക്കുറിച്ച് ഓപ്പറേഷൻസ് റൂമിന് സൂചന ലഭിച്ചതായും പ്രദേശം സുരക്ഷിതമാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി ട്രാഫിക് പട്രോളിംഗ് സ്ഥലത്തേക്ക് അയച്ചതായും ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
അപകടത്തെ തുടർന്ന് അൽ നഹ്ദ സ്ട്രീറ്റിലെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു. വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെയും റോഡിൽ ജാഗ്രത പാലിക്കേണ്ടതിന്റെയും പ്രാധാന്യം ദുബായ് പോലീസ് എടുത്തുപറഞ്ഞു. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ ഗുരുതരമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവർ പതിവായി വാഹന പരിശോധന നടത്തി സ്വന്തം സുരക്ഷയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.