ഒമാനിലെ സുവൈഖിലെ വിലായത്തിൽ കുപ്പിവെള്ളത്തിൽ നിന്നുണ്ടായ വിഷബാധയെത്തുടർന്ന് ഒരു ഒമാനി പൗരനും ഒരു പ്രവാസിയും മരിച്ചതായി സുൽത്താനേറ്റ് പോലീസ് ഇന്ന് ഒക്ടോബർ 1 ബുധനാഴ്ച അറിയിച്ചു. ‘യുറാനസ് സ്റ്റാർ’ എന്ന് പേരുള്ള ഇറാനിയൻ ബ്രാൻഡിൽ നിന്നുള്ള കുപ്പിവെള്ളം ഈ വ്യക്തികൾ കുടിച്ചതിന് ശേഷമാണ് വിഷബാധ ഉണ്ടായത്.
പ്രവാസിയായ സ്ത്രീ സെപ്റ്റംബർ 29 നാണ് മരിച്ചു, ഒമാനി പൗരൻ ഒക്ടോബർ 1 ന് കുടുംബത്തോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരിച്ചത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.അതേസമയം ഇതേ വെള്ളം കുടിച്ച ഒരു ഒമാനി സ്ത്രീയ്ക്ക് ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു.
മരണത്തിന്റെയും ഗുരുതരമായ ആശുപത്രി വാസത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ പരിശോധനയ്ക്കായി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചപ്പോൾ അതിൽ മാലിന്യം കലർന്നതായി കണ്ടെത്തുകയായിരുന്നു.
താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി, പ്രാദേശിക വിപണികളിൽ നിന്ന് ഈ ബ്രാൻഡിലുള്ള എല്ലാ കുപ്പികളും പിൻവലിക്കാൻ അധികൃതർ ആരംഭിച്ചിട്ടുണ്ട്, കൂടാതെ ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാ താമസക്കാരും ഈ പരാമർശിച്ച വെള്ളം ഉപയോഗിക്കരുതെന്നും ഈ വെള്ളത്തെക്കുറിച്ചോ മറ്റ് തരത്തിലുള്ള വെള്ളത്തെക്കുറിച്ചോ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.