യുഎഇ ഗോൾഡൻ വിസ നേടിയ മലയാളി വിദ്യാർത്ഥി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകൻ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് ദുബായിൽ ഇന്നലെ ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.ദുബായിൽ ഒന്നാം വർഷ ബിബിഎ മാർക്കറ്റിംഗ് വിദ്യാർത്ഥി ആയിരുന്നു.
ദീപാവലി ആഘോഷത്തിനിടെ അക്കാദമിക് സിറ്റിയിലെ കോളേജ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. വൈഷ്ണവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ “ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ് പോലീസ് ഫോറൻസിക് വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.
അക്കാദമിക്, പാഠ്യേതര മേഖലകളിൽ ഏറെ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയായിരുന്നു വൈഷ്ണവ്. കഴിഞ്ഞ വർഷം ദുബായിലെ ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ സ്കൂൾ കൗൺസിലുകളുടെ ഹെഡ് ആയിരുന്നു. 2024 ലെ സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ മാർക്കറ്റിംഗിലും സംരംഭകത്വത്തിലും 100/100 സെന്റം മാർക്കും എല്ലാ വിഷയങ്ങളിലും മുഴുവൻ എ1 ഗ്രേഡും നേടി അദ്ദേഹം 97.4% സ്കോർ നേടി. ഇതിനെത്തുടർന്ന്, മികച്ച വിദ്യാർത്ഥി എന്ന നിലയിൽ യുഎഇ ഗോൾഡൻ വിസയും ലഭിച്ചിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.