ദുബായ്: ട്രാഫിക് പിഴകളിൽ 50% കിഴിവും ആർടിഎ സേവനങ്ങളിൽ കിഴിവും നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓൺലൈൻ ഓഫറിനെക്കുറിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇമെയിലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ തട്ടിപ്പ്, “ഇന്ന് ഓൺലൈനായി പണമടച്ചാൽ ആർടിഎ സേവനങ്ങളിൽ പകുതി കിഴിവ് ലഭിക്കുമെന്നാണ് ” വാഗ്ദാനം ചെയ്യുന്നത്. ഈ വ്യാജ ഓഫർ നൽകുന്ന പേജും ഓഫറും അതോറിറ്റിയുടേതല്ലെന്നും , ഈ പേജിന് അതോറിറ്റിയുമായി ഒരു ബന്ധമില്ലെന്നും ആർടിഎ സ്ഥിരീകരിച്ചു.ഡിജിറ്റൽ സേവന ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ പദ്ധതികളാണ് ഇത്തരം പ്രചാരണങ്ങളെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള പണമടയ്ക്കലുകളോ ഒഴിവാക്കണമെന്നും പിഴ അടയ്ക്കുന്നതിനോ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനോ വെബ്‌സൈറ്റ്, ടിക്കറ്റ് ഓഫീസുകൾ, വെൻഡിംഗ് മെഷീനുകൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക ആർടിഎ ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും ആർടിഎ താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.






