ആർട്ടൺ ക്യാപിറ്റൽ ബുധനാഴ്ച പുറത്തിറക്കിയ 2025 ലെ പാസ്‌പോർട്ട് സൂചിക പ്രകാരം, തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി യുഎഇ സ്ഥാനം നിലനിർത്തി.
2025-ൽ ലോകത്തിലെ പല പ്രധാന പാസ്പോർട്ടുകൾക്കും യാത്രാ സ്വാതന്ത്ര്യം നഷ്‌ടമായപ്പോഴും യുഎഇ അതിൻ്റെ ആധിപത്യം ഉറപ്പിച്ചു. ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങൾ വർധിക്കുകയും ആഗോള മൊബിലിറ്റി കുറയുകയും ചെയ്യുന്ന ഈ സമയത്ത് യുഎഇയുടെ ഈ നേട്ടം ശ്രദ്ധേയമാണ്.
യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് 129 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 45 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ ആയും രാജ്യങ്ങളിൽ ഇടിഎ വഴിയും പ്രവേശനം നേടാൻ സാധിക്കും. ഇതോടെ 179 മൊബിലിറ്റി സ്കോറാണ് യുഎഇ കരസ്ഥമാക്കിയത്. യുഎഇയുടെ ദീർഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്രമെന്ന നിലയിലെ വിജയവുമാണ് ഈ കരുത്തിന് കാരണം. കൂടുതൽ രാജ്യങ്ങൾ യുഎഇയുമായി സാമ്പത്തികവും തന്ത്രപരവുമായ ബന്ധം ആഗ്രഹിക്കുന്നതിനാൽ എമിറാത്തി യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശനം നൽകാൻ അവർ തയ്യാറാകുന്നു. ആഗോള യാത്ര സ്വാതന്ത്ര്യം കുറയുമ്പോൾ, ശക്തമായ ഒരു പാസ്പോർട്ട് പൗരന്മാർക്ക് കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം നൽകുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകരെയും പ്രതിഭകളെയും ആകർഷിക്കുകയും ചെയ്യുന്നു.




