ഉമ്മുൽ ഖുവൈനിൽ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിനിടെ കാറിടിച്ച് പത്ത് വയസ്സുള്ള ആൺകുട്ടി മരിച്ചതായി ഉമ്മുൽ ഖുവൈൻ പോലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ കിംഗ് ഫൈസൽ സ്ട്രീറ്റിൽ വെച്ചാണ് സംഭവം നടന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഒബൈദ് അൽ മുഹൈരി പറഞ്ഞു. റോഡിൽ വെച്ച് ഒരു കാർ ഇടിച്ചാണ് കുട്ടി മരിച്ചത്. കൂട്ടിയിടിയിൽ ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് അടിയന്തര കോൾ ലഭിച്ചിരുന്നു.
ട്രാഫിക് പട്രോളിംഗും നാഷണൽ ആംബുലൻസ് ടീമുകളും സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറായ ഏഷ്യൻ വംശജനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. അപകടസമയത്ത് കുട്ടി ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്നത് ഗതാഗത ദിശയ്ക്ക് എതിരായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്.




