ദുബായിലെ ഡെലിവറി ബൈക്കുകൾക്ക് ഡിസംബർ അവസാനം മുതൽ മുൻവശത്ത് കൂടി നമ്പർ പ്ലേറ്റ് നിർബന്ധമാക്കുന്നു. നിലവിൽ ബൈക്കുകൾക്ക് ദുബായിൽ പിൻവശത്ത് മാത്രമാണ് നമ്പർ പ്ലേറ്റ് നിർബന്ധമായിട്ടുള്ളത്.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ, ഡെലിവറി ആപ്പുകൾക്ക് സേവനം നടത്തുന്ന ബൈക്കുകൾ, പാർസൽ സർവീസ്, ഡോക്യുമെന്റ് ഡെലിവറി എന്നിവക്കായി ഉപയോഗിക്കുന്ന ബൈക്കുകൾ എന്നിവക്കാണ് പുതിയ നിയമം ബാധകം. കമ്പനികൾ ഡെലിവറിക്ക് ഉപയോഗിക്കുന്ന ഇ-സ്കൂട്ടറുകൾക്കും മുന്നിലും നമ്പർ പ്ലേറ്റ് ഘടിപ്പിക്കണം. അതേസമയം, വ്യക്തികൾ ഉപയോഗിക്കുന്ന ബൈക്കിന് മുൻവശം നമ്പർ പ്ലേറ്റുകൾ ആവശ്യമില്ല.
ഘട്ടംഘട്ടമായാകും പുതിയ നിയമം നടപ്പാക്കുകയെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. നിലവിലുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് മുൻവശത്തും നമ്പർ പ്ലേറ്റുകൾ അനുവദിക്കും. ഡെലിവറിക്കായി ഉപയോഗിക്കുന്ന ബൈക്കുകൾക്ക് നമ്പർ പ്ലേറ്റിൽ 9 എന്ന കോഡുണ്ടാകും. സുവർണനിറത്തിലായിരിക്കും പുതിയ നമ്പർ പ്ലേറ്റുകൾ അനുവദിക്കുകയെന്നും ആർ.ടി.എയുടെ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മെഹ്ബൂബ് അറിയിച്ചു.






