അജ്മാൻ മുനിസിപ്പാലിറ്റി, പ്ലാനിംഗ് വകുപ്പുമായി ഏകോപിപ്പിച്ച് നടക്കുന്ന പ്രധാന റോഡ് വികസനത്തിന്റെയും അടിസ്ഥാന സൗകര്യ നവീകരണത്തിന്റെയും ഭാഗമായി അജ്മാൻ പോലീസ് അൽ റാഷിദിയ 2 ലെ റാഷിദ് ബിൻ അബ്ദുൾ അസീസ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകി.
ഫാൽക്കൺ ടവേഴ്സ് മുതൽ ഗൾഫ ബ്രിഡ്ജ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് ഇന്ന് 2026 ജനുവരി 20 മുതൽ മൂന്ന് മാസത്തേക്ക് അടച്ചിടുക. അടച്ചിടൽ കാലയളവിൽ പ്രഖ്യാപിച്ച ഗതാഗത വഴിതിരിച്ചുവിടലുകൾ പാലിക്കാനും, റോഡ് അടയാളങ്ങൾ പാലിക്കാനും, ബദൽ വഴികൾ ഉപയോഗിക്കാനും അജ്മാൻ പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രധാന റോഡുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള എമിറേറ്റിന്റെ വിശാലമായ പദ്ധതികളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അജ്മാൻ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
പദ്ധതി നടപ്പാക്കുമ്പോൾ വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അജ്മാൻ പോലീസ് സ്ഥിരീകരിച്ചു.





