ദുബായ്: അൽ അവീർ സെൻട്രൽ പഴങ്ങളുടെയും പച്ചക്കറികളുടെയും മാർക്കറ്റിനെ ലോകത്തിലെ ഏറ്റവും വലുതും വികസിതവുമായ ഭക്ഷ്യ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ദുബായ് ഫുഡ് ഡിസ്ട്രിക്റ്റാക്കി മാറ്റാനുള്ള പദ്ധതികൾ ഡിപി വേൾഡ് ഇന്നലെ വ്യാഴാഴ്ച പുറത്തിറക്കി.
പുതിയ ഡിസ്ട്രിക്ട് പഴങ്ങൾക്കും പച്ചക്കറികൾക്കും അപ്പുറം, പാലുൽപ്പന്നങ്ങൾ, സ്റ്റേപ്പിൾസ്, സ്പെഷ്യാലിറ്റി ഭക്ഷണങ്ങൾ, ഗൗർമെറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഒരൊറ്റ ബന്ധിത സ്ഥലത്ത് ഒരുമിച്ച് കൊണ്ടുവരും. 2027 മുതൽ ഘട്ടം ഘട്ടമായി ആരംഭിക്കാൻ പോകുന്ന ദുബായ് ഫുഡ് ഡിസ്ട്രിക്റ്റ് നിലവിലുള്ള വിപണിയുടെ ഇരട്ടിയിലധികം വലുപ്പം വർദ്ധിപ്പിക്കുകയും 29 ദശലക്ഷം ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കുകയും ചെയ്യും.
പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, രുചികരമായ ഭക്ഷ്യ വസ്തുക്കൾ, സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ വളരെ വിപുലാമായ രീതിയിൽ ലഭ്യമാക്കും. അതിനൊപ്പം കോൾഡ് സ്റ്റോറേജ്, താപനില നിയന്ത്രിത വെയർഹൗസുകൾ, പ്രൈമറി-സെക്കൻഡറി പ്രോസസിങ് യൂണിറ്റുകൾ, ഡിജിറ്റൽ ബാക്ക്-ഓഫീസ് സംവിധാനങ്ങൾ, ക്യാഷ്-ആൻഡ്-ക്യാരി സൗകര്യങ്ങൾ, ഗോർമെറ്റ് ഫുഡ് ഹാൾ എന്നിവയും സജ്ജമാക്കും.
നിലവിൽ 2,500ലധികം വ്യാപാരികൾ വ്യാപാരം നടത്തുന്ന അൽ അവീർ മാർക്കറ്റിനെ ശക്തിപ്പെടുത്തിക്കൊണ്ട്, വിതരണം വേഗത്തിലാക്കുകയും സപ്ലൈ ചെയിൻ റിസ്കുകൾ കുറക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
20-ലധികം രാജ്യങ്ങളിലേക്കുള്ള ഡി.പി വേൾഡിൻന്റെ ലോജിസ്റ്റിക്സ് നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്ടിവിറ്റിയും ഇതിൻ്റെ പ്രധാന സവിശേഷതയാണ്. ദുബൈയെ ആഗോള ഭക്ഷ്യവ്യാപാരത്തിൻ്റെ കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതിയെ 2026ലെ ഗൾഫുഡ് പ്രദർശനത്തിൽ ഡി.പി വേൾഡ് അവതരിപ്പിക്കും.





