ഇറാൻ – ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വിമാനത്താവളങ്ങൾ അടച്ചതോടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കാൻ സ്പൈസ് ജെറ്റ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുഎഇയിലെ ഫുജൈറയിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ചൊവ്വാഴ്ച മുതൽ നാല് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ദുബായ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ വ്യോമപാതകൾ അടച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ഈ സാഹചര്യത്തിലാണ് ഫുജൈറ വിമാനത്താവളം കേന്ദ്രീകരിച്ച് സർവീസുകൾ നടത്താൻ സ്പൈസ് ജെറ്റ് തീരുമാനിച്ചത്.
ഫുജൈറയിൽ നിന്ന് കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുക. നാല് വിമാനങ്ങളിൽ രണ്ടെണ്ണം മുംബൈയിലേക്കായിരിക്കും. വരും ദിവസങ്ങളിലും കൂടുതൽ സർവീസുകൾ നടത്താൻ കമ്പനി ആലോചിക്കുന്നുണ്ട്.
മാർച്ച് 4 മുതൽ ഫുജൈറയിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള പതിവ് സർവീസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.യാത്രക്കാർക്ക് തങ്ങളുടെ വിമാനത്തിൻ്റെ നിലവിലെ വിവരങ്ങൾ സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ +91 (0)124 4983410, +91 (0) 124 7101500 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ വഴിയോ അറിയാൻ സാധിക്കും.
ദുബായ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണം ഇനിയും വിമാനങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ തിരക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.




