യു.എ.ഇയിലെ ബേക്കറി വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് ഡോൾഫിൻ ബേക്കറി ഏഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളിലൂടെയും വിപുലമായ വിതരണ ശൃംഖലയിലൂടെയും ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ മുന്നേറ്റമാണ് കമ്പനി കാഴ്ചവെച്ചിരിക്കുന്നത്. നിലവിൽ ദുബായ് മുതൽ വടക്കൻ എമിറേറ്റുകൾ വരെയുള്ള 3,000ത്തിലധികം സ്ഥാപനങ്ങളിലേക്ക് 165ലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഡോൾഫിൻ എത്തിക്കുന്നുണ്ട്.
“യു.എ.ഇയിൽ ബേക്ക് ചെയ്ത് യു.എ.ഇക്കായി” എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ബ്രെഡ്, ബൺ, കേക്ക്, റസ്ക്, സാൻഡ്വിച്ച് തുടങ്ങിയ ഭക്ഷണവിഭവങ്ങൾ ഓരോ ദിവസവും ഫ്രഷ് ആയി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ 70ലധികം വാഹനങ്ങളുള്ള വിതരണ ശൃംഖല കമ്പനി സജ്ജമാക്കിയിട്ടുണ്ട്. 300ലധികം ജീവനക്കാരുടെ കഠിനാധ്വാനവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമാണ് ഡോൾഫിന്റെ വിജയത്തിന് പിന്നിലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു.
പ്രാദേശിക ഉൽപ്പാദനത്തിന് മുൻഗണന നൽകുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളിലും ഡോൾഫിൻ പങ്കാളികളാകുന്നുണ്ട്. അസംസ്കൃത വസ്തുക്കൾ പരമാവധി പ്രാദേശികമായി തന്നെ ഉറപ്പാക്കുന്നതിലൂടെ ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത സേവനം നൽകാൻ സാധിക്കുന്നുവെന്ന് മാനേജിംഗ് ഡയറക്ടർ നവാസ് പി. വ്യക്തമാക്കി. വരും വർഷങ്ങളിൽ റീട്ടെയിൽ മേഖലയിലേക്കും കൂടുതൽ വലിയ നിക്ഷേപങ്ങളിലേക്കും കടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.






