ദുബായിലെ തിരക്കേറിയ പാതയായ ഷെയ്ഖ് സായിദ് റോഡിൽ ഫസ്റ്റ് ഇന്റർചേഞ്ചിന് (First interchange) സമീപമുള്ള ഒരു കെട്ടിടത്തിൽ ഇന്ന് തിങ്കളാഴ്ച രാവിലെ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ.
രാവിലെ എട്ട് മണിയോടെ കെട്ടിടത്തിൽ നിന്നും കനത്ത കറുത്ത പുക ഉയരുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. സമീപത്തെ നിർമ്മാണ സ്ഥലത്ത് നിന്നാണ് പുക ഉയരുന്നതെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് കെട്ടിടത്തിനുള്ളിൽ നിന്ന് തീജ്വാലകൾ പുറത്തേക്ക് വരുന്നത് കാണുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെല്ലാം റോഡരികിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിനിറ്റുകൾക്കകം തന്നെ ദുബായ് സിവിൽ ഡിഫൻസിന്റെ അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും കെട്ടിടത്തിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. മൂന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ വശങ്ങളിൽ കരിപുരണ്ടിട്ടുണ്ട്. കൂടാതെ കെട്ടിടത്തിന് പുറത്തുള്ള മെറ്റൽ റൂഫിംഗിന് (Canopy roof) കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തീപിടുത്തത്തിന്റെ കൃത്യമായ കാരണവും കെട്ടിടത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന വിവരവും നിലവിൽ ലഭ്യമായിട്ടില്ല.





