യുഎഇയിൽ ഇന്ന് താപനില 50°C വരെ ഉയർന്നേക്കാം; മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വേനൽമഴ പെയ്തതിന് പിന്നാലെ, ഇന്ന് ബുധനാഴ്ച യു.എ.ഇയുടെ ചില പ്രദേശങ്ങളിൽ താപനില 50°C വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. കിഴക്കൻ, തെക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
സാധാരണയായി തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്നും, എന്നാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ (convective clouds) രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) വ്യക്തമാക്കി.
തീരദേശങ്ങളിലും ദ്വീപുകളിലും താപനില 39°C മുതൽ 45°C വരെയായിരിക്കുമ്പോൾ, ഉൾനാടൻ പ്രദേശങ്ങളിൽ ഇത് 45°C മുതൽ 50°C വരെ ഉയർന്നേക്കാം. പർവ്വത മേഖലകളിൽ 33°C മുതൽ 39°C വരെയായിരിക്കും താപനില.
മണിക്കൂറിൽ കുറഞ്ഞതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശുമെങ്കിലും, ചില സമയങ്ങളിൽ ശക്തമായി പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഉൾനാടൻ, പർവ്വത മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കി.മീ വരെയും, തീരദേശങ്ങളിൽ 35 കി.മീ വരെയും ഉയർന്നേക്കാം.
രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി ചില തീരദേശ മേഖലകളിൽ ഈർപ്പം (humidity) വർദ്ധിക്കാനും മൂടൽമഞ്ഞിന് (mist) സാധ്യതയുമുണ്ട്. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
വ്യാഴാഴ്ച താപനിലയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശുന്ന കാറ്റ് പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റിന് കാരണമായേക്കാം. അറേബ്യൻ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടരും. ഈ ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കി.മീ വരെ എത്തിയേക്കാം. ഞായറാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും പ്രതീക്ഷിക്കുന്നത്.





