അബുദാബി: ട്രാഫിക് നിയമലംഘനങ്ങളുടെ ഭാഗമായി പോലീസ് കണ്ടുകെട്ടാൻ (impound) ഉത്തരവിടുന്ന വാഹനങ്ങൾ പരമ്പരാഗത ഇംപൗണ്ട് യാർഡുകളിലേക്ക് മാറ്റുന്നതിന് പകരം ഉടമകൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് തന്നെ സൂക്ഷിക്കാൻ അനുമതി നൽകുന്ന ‘സ്മാർട്ട് വെഹിക്കിൾ ഇംപൗണ്ട്’ സേവനത്തിന് പ്രതിദിനം 15 ദിർഹം ഫീസ് നിശ്ചയിച്ച് അബുദാബി പോലീസ്.
നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നിശ്ചിത സമയത്തേക്ക് റോഡിൽ ഇറക്കാൻ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യുകയും, അതേസമയം ഉടമസ്ഥന് സൗകര്യപ്രദമായ സ്ഥലത്ത് തന്നെ വാഹനം സൂക്ഷിക്കാൻ അനുവാദം നൽകുകയും ചെയ്യുന്നതാണ് ഈ സേവനം.
തമ്മ (TAMM) ഗവൺമെന്റ് സർവീസ് പ്ലാറ്റ്ഫോം വഴിയോ കസ്റ്റമർ സർവീസ് സെന്ററുകൾ വഴിയോ ഇതിനായി അപേക്ഷ സമർപ്പിക്കാമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ഈ സംവിധാനം അനുസരിച്ച്, വാഹനം അംഗീകൃത സ്ഥലത്ത് നിന്ന് മാറ്റി ഓടിക്കുന്നത് തടയാനായി ഒരു സ്മാർട്ട് ഇലക്ട്രോണിക് ഉപകരണം വാഹനത്തിനുള്ളിൽ ഘടിപ്പിക്കും. ഏതെങ്കിലും തരത്തിൽ സേവന നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ, ഈ ഉപകരണം ഉടൻ തന്നെ പോലീസിന്റെ മോണിറ്ററിംഗ് റൂമിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും സംഭവം റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യും.
വാഹനം കണ്ടുകെട്ടാൻ ശിക്ഷയുള്ള ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ ഈ സേവനത്തിന് അർഹതയുണ്ടാവൂ. വാഹന ഉടമയോ ഔദ്യോഗിക പവർ ഓഫ് അറ്റോർണി ഉള്ള പ്രതിനിധിയോ നേരിട്ടെത്തി എമിറേറ്റ്സ് ഐ.ഡി നൽകുകയും സേവന നിബന്ധനകൾ അംഗീകരിക്കുന്ന ഡിക്ലറേഷനിൽ ഒപ്പുവെക്കുകയും വേണം.






