ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെത്തുടർന്ന് അബുദാബി മിന സായിദിലെ (Mina Zayed) ‘പേൾ അൽ ഷാം’ (Pearl Al Sham) റെസ്റ്റോറന്റ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) താൽക്കാലികമായി അടപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ചകൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഇന്ന് ചൊവ്വാഴ്ച അതോറിറ്റി കർശന നടപടി സ്വീകരിച്ചത്.
ഉപഭോക്താക്കളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായാണ് സ്ഥാപനം അടപ്പിച്ചത്. കണ്ടെത്തിയ വീഴ്ചകൾ പൂർണ്ണമായും പരിഹരിക്കുകയും, എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ മാത്രമേ റെസ്റ്റോറന്റിന് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.
ഭക്ഷ്യസ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ, ഭക്ഷണസാധനങ്ങളുടെ സുരക്ഷയിൽ സംശയം തോന്നിയാലോ ഉടൻ തന്നെ അബുദാബി സർക്കാരിന്റെ 800555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് ADAFSA പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





