ജനുവരി 17 ന് അബുദാബിയിൽ ഹൂതി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച പഞ്ചാബിലെ അമൃത്സർ നഗരത്തിലേക്ക് എത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ പ്രതിനിധി ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും എംബസി പൂർത്തിയാക്കിയതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ അറിയിച്ചു.
മൃതദേഹം നാളെ രാവിലെ അമൃത്സറിലെത്തും. ”യുഎഇ സർക്കാരും അഡ്നോക് ഗ്രൂപ്പും നൽകുന്ന പൂർണ്ണ പിന്തുണയെ വളരെയധികം അഭിനന്ദിക്കുന്നു. പ്രാദേശിക പിന്തുണയ്ക്കായി പഞ്ചാബ് സർക്കാരും ഒപ്പമുണ്ട്” അംബാസഡർ ട്വീറ്റ് ചെയ്തു.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യെമൻ വിമതർ അബുദാബിയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും ഉൾപ്പെടെ 3 പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.