കാനഡ അതിർത്തിയിൽ യുഎസിലേക്ക് കടക്കാൻ ശ്രമിക്കവെ പിഞ്ചു കുഞ്ഞ് ഉൾപ്പെടെ 4 ഇന്ത്യക്കാർ തണുത്ത് മരിച്ചു. പിഞ്ച് കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം എന്നാണ് റിപ്പോർട്ട്.
രണ്ട് മുതിർന്നവർ, ഒരു കൗമാരക്കാരൻ, ഒരു കുഞ്ഞ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച എമേഴ്സണിനടുത്തുള്ള യുഎസ്/കാനഡ അതിർത്തിയുടെ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. മരിച്ചവർ ഇന്ത്യയിൽ നിന്നുള്ള കുടുംബമാണെന്ന് യുഎസ് വ്യക്തമാക്കി.
കനത്ത തണുപ്പിനെ തുടർന്നാണ് മരണം. ഒരു സംഘം പേർ അതിർത്തി കടക്കാനുള്ള ശ്രമം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അടിയന്തര ഇടപെടലിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.