മുംബൈയില്‍ എഞ്ചിൻ കവർ ഇല്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയർന്നു. 70 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത സമയത്താണ് റണ്‍വേയില്‍ വിമാനത്തിന്റെ എഞ്ചിന്‍ കവര്‍ അടര്‍ന്ന് വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നാല് ജീവനക്കാരും ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറും ഉള്‍പ്പെടെ 70 പേരുമായി പുറപ്പെട്ട അലയന്‍സ് എയര്‍ എടിആര്‍ 72-600 വിമാനം ഗുജറാത്തിലെ ബുജില്‍ സുരക്ഷിതമായി പറന്നിറങ്ങി. അതേസമയം, സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( DGCA) അന്വേഷണം ആരംഭിച്ചു.
വിമാനം പറന്നുയര്‍ന്നതിനിടയിലാണ് എന്‍ജിന്‍ കവര്‍ അടര്‍ന്ന് വീണതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അപകടത്തിന് വഴിവെക്കില്ലെങ്കിലും ചിലപ്പോഴെങ്കിലും അത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അറ്റകുറ്റപ്പണികളുടെ കുറവുമൂലമാണ് സംഭവത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തിലുള്ള അപാകതകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ അമിത് സിംഗ് കൂട്ടിച്ചേര്‍ത്തു.