സ്കൂൾ ബസുകളുടെ യാത്രാ ദൈർഘ്യം 75 മിനിറ്റിൽ കൂടരുതെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. നിലവാരമുള്ള വാഹനങ്ങളിൽ ന്യായമായ ഫീസ് വാങ്ങിയാകണം സ്കൂൾ ഗതാഗതസംവിധാനം ഒരുക്കേണ്ടത്. വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ 11 മാർഗനിർദേശങ്ങളും പാലിക്കണം. ഒരു ദിശയിലേക്കുള്ള യാത്രാ സമയം പരമാവധി 75 മിനിറ്റായിരിക്കണം. ബസ് പുറപ്പെട്ടതു മുതൽ അവസാനത്തെ കുട്ടിയും ഇറങ്ങുന്നതു വരെയാണ് ഇതു കണക്കാക്കുക. ബസിൽ കുട്ടികളെ നിരീക്ഷിക്കാൻ 4 ക്യാമറകളെങ്കിലും സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ക്യാമറകളിലെ ദൃശ്യങ്ങൾ 30 ദിവസം സ്കൂൾ അധികൃതർ സൂക്ഷിക്കണം. ഇതു പരസ്യപ്പെടുത്തുകയോ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. കുട്ടികളുടെ യാത്രയുടെ ഉത്തരവാദിത്തം സ്കൂളിനാണെന്നും നിയമം നിഷ്കർഷിക്കുന്നു.