ബറാക ആണവോർജ പദ്ധതിയിലെ രണ്ടാമത്തെ പ്ലാന്റ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി. 2050ഓടെ പൂർണമായും മലിനീകരണ വിമുക്ത രാജ്യമെന്ന പ്രഖ്യാപിത നയത്തിലേക്ക് കുതിക്കുകയാണ് യു എ ഇ. രാജ്യത്തിന്റെ നേട്ടത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അഭിനന്ദിച്ചു. പദ്ധതി യാഥാർഥ്യമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എൻജിനീയർ, ഓപ്പറേറ്റർ, വിദഗ്ധർ തുടങ്ങി 1800 പേരെയും ഇരുവരും പ്രശംസിച്ചു.
1,400 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റും ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചതോടെ 2 യൂണിറ്റുകളിലുമായി മൊത്തം ഉൽപാദനം 2,800 മെഗാവാട്ട് ആയി വർധിച്ചു. ആദ്യ യൂണിറ്റ് (1400 മെഗാവാട്ട്) കഴിഞ്ഞ വർഷം ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിരുന്നു. 4 യൂണിറ്റുകളും പൂർണതോതിൽ പ്രവർത്തനമാരംഭിച്ചാൽ 5600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതോടെ രാജ്യത്തിന്റെ ഊർജ ഉപഭോഗത്തിന്റെ 25% സംഭാവന ചെയ്യാനാകും. ഇതുവഴി 2.24 കോടി ദിർഹം കാർബൺ മലിനീകരണം തടയാം. 48 ലക്ഷം കാറുകൾ പുറന്തള്ളുന്ന മലിനീകരണത്തിന് തുല്യം. 2025ഓടെ ആണവോർജ ഉൽപാദനം 85% ആക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
മൂന്നാമത്തെ യൂണിറ്റ് 95%വും നാലാമത്തെ യൂണിറ്റ് 91% നിർമാണം പൂർത്തിയായി.സുസ്ഥിര ഊർജകേന്ദ്രമായ ബറാക ആണവോർജ പ്ലാന്റിലെ തൊഴിലാളികളിൽ 70% 35 വയസ്സിന് താഴെയുള്ള സ്വദേശികളാണ്. യുവതലമുറയിലൂടെ അഭൂതപൂർവ ചരിത്ര നേട്ടങ്ങൾ കൈവരിക്കുകയാണ് രാജ്യം. കഴിഞ്ഞ വർഷം ആദ്യ പ്ലാന്റിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചിരുന്നു. ഇതോടെ ആണവോർജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി.