ഈദ് അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോയ 36 കാരിയായ മലയാളി നഴ്സ് ടിന്റു പോൾ ജബൽ ജെയ്സ് പർവതനിരകളിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.
അപകടത്തിൽ ടിന്റുവിന്റെ ഭർത്താവിനും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റാസൽഖൈമ പോലീസും സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസും ചേർന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി റാസൽഖൈമയിലെ അൽ സഖർ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു, അവിടെ മെയ് 4 ന് ടിന്റു മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൊച്ചി സ്വദേശിയായ ടിന്റു പോൾ റാസൽഖൈമയിലെ അൽ ഹംറയിലെ ആർ.എ. കെ ഹോസ്പിറ്റൽ (RAK Hospital ) ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. അറേബ്യൻ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ ക്ലിനിക്ക്. മേയ് മൂന്നിന് ടിന്റുവും കുടുംബവും ഈദ് അവധി ആഘോഷിക്കാൻ ജെബൽ ജെയ്സ് പർവതനിരകളിലേക്ക് പോയതായിരുന്നു. ജബൽ ജെയ്സിൽ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഭർത്താവ് കൃപാ ശങ്കറും അവരുടെ രണ്ട് മക്കളും, 10 വയസ്സുള്ള കൃതിൻ ശങ്കർ, ഒരു വയസുള്ള ആദിൻ ശങ്കർ, ടിന്റുവിന്റെ അമ്മായിയമ്മ എന്നിവരും ഉണ്ടായിരുന്നു.
“ഡ്രൈവർ ഉൾപ്പെടെ കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും ഗുരുതരമായ പരിക്കുകളും ഒടിവുകളും ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ സഖർ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. നിയമനടപടികൾക്കായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കടപ്പാട് : ഗൾഫ് ന്യൂസ്