15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി.
യമൻ സയാമീസ് ഇരട്ടകളായ യൂസുഫിന്റെയും യാസീന്റെയും വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് യമനിലെ ഹദ്ർമൗത്തിൽനിന്ന് തലച്ചോറുകൾ ഒട്ടിപിടിച്ച യമനി സയാമീസുകളെ എയർ ആംബുലൻസിൽ സംഖ്യസേനയുടെ സഹായത്തോടെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്.
പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്‌തേഷ്യ, നഴ്‌സിങ്, ടെക്‌നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയാണ് നടന്നത്.
തലച്ചോറിന്റെ ഭാഗങ്ങൾ ഇരട്ടകൾ പങ്കിടുന്നതിനാൽ ശസ്ത്രക്രിയ സങ്കീർണമായതായിരുന്നുവെന്ന് കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറും ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സെറിബ്രൽ സിരകളും മസ്തിഷ്ക അഡീഷനുകളും വേർതിരിക്കാനും വേർപിരിയലിനുശേഷം മറയ്ക്കാൻ സഹായിക്കുന്ന ചർമ ഉപകരണങ്ങൾ സ്ഥാപിക്കാനും ഇരട്ടകൾക്ക് മുമ്പ് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. 24 സ്പെഷലിസ്റ്റുകളും നഴ്സിങ്, ടെക്നീഷ്യൻമാരുടെ പ്രത്യേക കേഡർമാരും ഓപ്പറേഷനിൽ പങ്കെടുത്തു.നാല് ഘട്ടങ്ങളിലായാണ് ഓപ്പറേഷൻ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം ഇരട്ടകളെ കുട്ടികൾക്കായുള്ള ഇൻറസീവ് കെയറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരട്ടകൾ കർശനമായ പരിചരണത്തിലും നിയന്ത്രണത്തിലുമാണ്.