നടുറോഡിൽ വെച്ച് വാഹനം ബ്രേക്ക് ഡൗണ്‍ ആയാൽ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും നിർദേശങ്ങൾ നല്കി.
വാഹനം വഴി മധ്യേ ബ്രേക്ക് ഡൗണ്‍ ആയാല്‍ ചെയ്യേണ്ടത് വാഹനം റോഡില്‍ നിന്ന് പുറത്തേക്ക് മാറ്റി എമര്‍ജന്‍സി ഏരിയയിലേക്ക് നീക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് റോഡിന്റെ വലതു ഭാഗം ഉപയോഗിക്കുന്നതാണ് നല്ലത്. അപകട മുന്നറിയിപ്പ് നല്കുന്ന ഹസാഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തു വേണം വാഹനം റോഡരികിലേക്ക് മാറ്റാന്‍. മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വാഹനത്തിന് പുറകിലായി റിഫ്ളെക്റ്റീവ് ട്രയാങ്കിള്‍ സ്ഥാപിക്കുകയും വേണം.
അതിനു ശേഷം 999 എന്ന എമര്‍ജന്‍സി ഹോട്ട്ലൈന്‍ നമ്പറില്‍ സഹായത്തിനായി വിളിച്ചാല്‍ ഉടന്‍ പോലീസ് അധികൃതര്‍ സഹായത്തിനായി സ്ഥലത്തെത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇനി ഏതെങ്കിലും കാരണത്താല്‍ വാഹനം റോഡില്‍ നിന്ന് പുറത്തേക്ക് മാറ്റാനാവാത്ത സാഹചര്യമുണ്ടായാല്‍ അക്കാര്യം എമര്‍ജന്‍സി നമ്പറില്‍ ഉടനെ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
എന്തു കാരണത്താലാണെങ്കിലും റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഇങ്ങനെ റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം 500 ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശങ്ങൾ നല്കി.