ഇപ്പോൾ രാജ്യത്ത് നിന്ന് പുറത്തുപോകാതെ യുഎഇ സന്ദർശന വിസ നീട്ടുന്നത് നിർത്തിവച്ചതായി അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്റുമാർ പറയുന്നു. കോവിഡ് മഹാമാരിക്ക് മുമ്പ് യുഎഇയിൽ നിന്ന് കൊണ്ട് തന്നെ വിസിറ്റ് വിസയുടെ കാലാവധി നീട്ടാനുള്ള സംവിധാനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന് സാധ്യമാകുന്നില്ല എന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
”രാജ്യത്ത് നിന്ന് പുറത്തുപോകാതെ തന്നെ വിസിറ്റ് വിസ നീട്ടുന്നത് നിർത്തിയതായി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഞങ്ങളെ അറിയിച്ചു. സാധാരണയായി ഇത് ഒരു രാജ്യത്തിനുള്ളിലെ വിസയാണ്, അതിനാൽ ആളുകൾ യുഎഇ വിടേണ്ടതില്ല. നേരത്തെ, കോവിഡ് മഹാമാരി കാരണം ഇളവുകൾ ഉണ്ടായിരുന്നു, അപ്പോൾ ആളുകൾക്ക് രാജ്യം വിട്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ ഇളവ് പിൻവലിച്ചു. ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരമാണിത്.” ട്രാവൽ ഏജന്റുമാർ പറയുന്നു.
വിസിറ്റ് വിസ നടപടിക്രമത്തിൽ ഇപ്പോൾ ഒരു പിശക് കാണിക്കുന്നുണ്ടെന്നും അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്നും ഇപ്പോൾ വിസിറ്റ് വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് യു എ ഇയിൽ നിന്നും എക്സിറ്റ് ചെയ്ത് മറ്റൊരു രാജ്യത്ത് നിന്ന് കൊണ്ടായിരിക്കണം വിസിറ്റ് വിസക്കായി അപേക്ഷിക്കേണ്ടതെന്നും ഇതുമായി ബന്ധപെട്ട ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രാവൽ ഏജന്റുമാർ അറിയിച്ചു.