സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും. പാലക്കാട് സ്വദേശി വൈശാഖ് ആണ് മരിച്ചത്. സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 16 പേരാണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി വൈശാഖ് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ്. മരണം സംബന്ധിച്ച വിവരം സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെയാണ് സൈനികര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മലയിടുക്കിലെ കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ നാല് സൈനികരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.