അറബ് ലോകത്തെ ആദ്യത്തെ ദീർഘകാല ബഹിരാകാശ ദൗത്യം ഏറ്റെടുക്കാൻ യുഎഇക്ക് ഇനി 24 മണിക്കൂറിൽ താഴെ മാത്രം.
യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയാണ് ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിനായി പുറപ്പെടുന്നത്. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികകല്ലാണിത്. ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമാവുകയാണ് യുഎഇ. 2019 സപ്തംബറിലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം. “ഇന്ന്, ഞങ്ങൾ അടുത്ത തലമുറകൾക്ക് വഴിയൊരുക്കാനാണ് പറക്കുന്നത്,” അൽ നെയാദി ട്വിറ്ററിൽ കുറിച്ചു.
എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തന്റെ മകനുമൊത്തുള്ള ഹൃദയസ്പർശിയായ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടാണ് , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) തന്റെ ദൗത്യത്തിന് വിക്ഷേപണത്തിനായി ‘ഗോ’ ഔദ്യോഗികമായി ലഭിച്ച വിവരം അല്‍ നെയാദി അറിയിച്ചത്.
ഐഎസ്എസിലേക്കുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ-6 ദൗത്യത്തിനായുള്ള ‘ലോഞ്ച് റെഡിനസ് റിവ്യൂ’ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിന്റെ ലോഞ്ച് കോംപ്ലക്‌സ് 39A-ൽ നിന്ന് നാളെ ഫെബ്രുവരി 27-ന് തിങ്കളാഴ്ച രാവിലെ 1.45 EST-നാണ് (യുഎഇ സമയം രാവിലെ 10.45) ലിഫ്റ്റ്ഓഫ് ലക്ഷ്യമിടുന്നത്. നേരത്തെ, ഫെബ്രുവരി 26നാണ് വിക്ഷേപണത്തിന്റെ സമയം നിശ്ചയിച്ചിരുന്നത്.
ക്രൂ-6 മിഷന്റെ പ്രീലോഞ്ച് ന്യൂസ് ടെലികോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട്, യു എ ഇ ആസ്ട്രോനട്ട് പ്രോഗ്രാം മിഷൻ മാനേജർ അദ്നാൻ അൽ റൈസ്, ദൗത്യത്തിനായി “ആവേശവും സജ്ജവുമായ” അൽ നെയാദിയെ കണ്ടുമുട്ടിയതായി പറഞ്ഞു. ഈ ദൗത്യത്തിൽ യുഎഇയെ പ്രതിനിധീകരിക്കാനുള്ള അവസരത്തിന് എമിറാത്തി ബഹിരാകാശയാത്രികൻ നന്ദിയുള്ളവനാണെന്നും അൽ റൈസ് കൂട്ടിച്ചേർത്തു.