ജോലിയിൽ നിന്ന് പുറത്താക്കിയതിന് പ്രതികാരമായി തൊഴിലുടമയുടെ കാർ കത്തിച്ചപ്പോൾ പ്രദേശത്തെ നിരവധി വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്ത കുറ്റത്തിന് ദുബായിൽ 2 പേർക്ക് 66,000 ദിർഹം പിഴയും തടവും വിധിച്ചു.
ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് ഏരിയയിലാണ് സംഭവമുണ്ടായത്. വാഹനങ്ങൾ കത്തി നശിക്കുന്നതായി അറിയിച്ചുകൊണ്ട് ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ച് സ്ഥലം തണുപ്പിക്കുകയും അന്വേഷണത്തിനായി പോലീസിന് കൈമാറുകയും ചെയ്തു. വാഹനങ്ങളിലൊന്ന് മനഃപൂർവം കത്തിച്ചതിന്റെ തെളിവുകൾ പൊലീസ് പിന്നീട് കണ്ടെത്തുകയും കാർ കത്തിച്ച രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മദ്യവിൽപ്പനയും വിതരണവും നടത്തിയിരുന്ന തന്റെ മുൻ തൊഴിലുടമയുടേതാണ് കാറെന്ന് രണ്ട് പ്രതികളും പറഞ്ഞു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്, തൊഴിലുടമ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതിന് പ്രതികാരമായി തൊഴിലുടമയുടെ കാറിന് തീയിടാൻ ഇവർ തീരുമാനിക്കുകയായിരുന്നു.