കേരളത്തിൽ കെ ഫോൺ പദ്ധതിയ്ക്ക് നാളെ ജൂൺ 5 ന് തുടക്കമാകും. നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കുറഞ്ഞ ചെലവില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ സ്ഥലത്തും എത്തിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും ആണ് കണക്ഷൻ ലഭിക്കുക.
കെ ഫോൺ ഉദ്ഘാടനത്തിനോടനുബന്ധിച്ച് കെ ഫോൺ കൊമേർഷ്യൽ വെബ് പേജും മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത കെ ഫോൺ ഉപഭോക്താക്കളോടും മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകൾ, സ്കൂൾ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത ഒരു സർക്കാർ സ്ഥാപനം എന്നിവരുമായാണ് മുഖ്യമന്ത്രി ഓൺലൈൻ കൂടിക്കാഴ്ച നടത്തുന്നത്. നിയോജകമണ്ഡലം തലത്തിലും ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്.
20 എംബിപിഎസ് വേഗതയിൽ മുതൽ ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. 40 ലക്ഷത്തോളം ഇൻറർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റിൽ ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യവർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ. ഇതുവഴി പദ്ധതി ലാഭത്തിൽ ആക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
എന്നാൽ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. കെ ഫോണുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.