യുഎഇയിൽ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ റദ്ദാക്കിയ 3 മാസത്തെ വിസിറ്റ് വിസ ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP ) യിലെ കോൾ സെന്റർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചതായി ഇന്ന് ജൂൺ 14 ന് ഖലീജ്‌ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അധികൃതർ പുനരാരംഭിച്ച ഈ മൂന്ന് മാസത്തെ വിസയെക്കുറിച്ച് താമസക്കാർക്ക് അറിവില്ലെന്നും ട്രാവൽ ഏജന്റുമാർ വഴി ഇപ്പോൾ 90 ദിവസത്തെ വിസിറ്റ് വിസ എടുക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 90 ദിവസത്തെ വിസിറ്റ് വിസയുടെ നിരക്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. 90 ദിവസത്തെ സന്ദര്‍ശന വിസയ്ക്കുള്ള ഫീസ് 1,500 ദിര്‍ഹം മുതൽ ആരംഭിക്കുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ട്രാവല്‍ ഏജന്റിന്റെ ഫീസ് കൂടി ചേര്‍ത്താല്‍ അത് 2,000 ദിര്‍ഹം വരെ ആയേക്കാം.
ഈ വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് 90 ദിവസം വരെ യുഎഇയില്‍ തങ്ങാന്‍ കഴിയുമെന്നു മാത്രമല്ല, അതിനു ശേഷം രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ നീട്ടാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.