യുഎഇയിൽ ഇന്ന് രാവിലെയുണ്ടായ മൂടൽമഞ്ഞിനെത്തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡുകളിലെ വേഗപരിധി മാറ്റുന്ന ഇലക്ട്രോണിക് സൈൻബോർഡുകൾ ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് താപനില അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ഉയർന്നേക്കാം. കുറഞ്ഞ താപനിലയായി യഥാക്രമം 32 ഡിഗ്രി സെൽഷ്യസിലേക്കും 33 ഡിഗ്രി സെൽഷ്യസിലേക്കും താഴും. പകൽ സമയത്ത് നേരിയ പൊടികാറ്റിനും സാധ്യതയുണ്ട്.