ദി ബാങ്കർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരം യുഎഇയിലെ ശക്തമായ ബാങ്കുകളുടെ പട്ടികയിൽ എമിറേറ്റ്സ് എൻബിഡി ( Emirates NBD ) മുന്നിലാണ്.
ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ് എൻബിഡിയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള 25 വായ്പാ ദാതാക്കളിൽ അഞ്ച് യുഎഇ ബാങ്കുകളെ ഏറ്റവും ശക്തമായ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മേഖലയിൽ നാലാം സ്ഥാനത്ത് എമിറേറ്റ്സ് എൻബിഡിയും, അഞ്ചാം സ്ഥാനത്ത് ഫസ്റ്റ് അബുദാബി ബാങ്കും, ഏഴാം സ്ഥാനത്ത് അബുദാബി കൊമേഴ്സ്യൽ ബാങ്കും,പതിനാലാം സ്ഥാനത്ത് ദുബായ് ഇസ്ലാമിക് ബാങ്കും, ഇരുപത്തിമൂന്നാം സ്ഥാനത്ത് മഷ്റഖ് ബാങ്കുമാണുള്ളത്. വായ്പ നൽകുന്നവരുടെയും മൂലധനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ റാങ്കിംഗ്.
മേഖലയിലെ നാലാമത്തെ വലിയ ബാങ്കായി തുടരുന്ന എമിറേറ്റ്സ് എൻബിഡി മൂലധനത്തിൽ 11.9 ശതമാനം വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ യുഎഇ ലെൻഡർമാരിൽ എമിറേറ്റ്സ് എൻബിഡി ഒന്നാം സ്ഥാനത്താണ്. 2021-ൽ ആരംഭിച്ച മഹാമാരിക്ക് ശേഷമുള്ള വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തിൽ യുഎഇയും പ്രാദേശിക ബാങ്കുകളും കഴിഞ്ഞ വർഷം മികച്ച പ്രകടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.