ഒരു റിയൽ എസ്റ്റേറ്റ് കമ്പനി വഞ്ചിച്ചെന്ന് ആരോപിച്ച് ഗൂഗിൾ മാപ്സ് ആപ്ലിക്കേഷനിലൂടെ അധിക്ഷേപകരമായ കമന്റുകൾ പോസ്റ്റ് ചെയ്തതിന് 38 കാരിയായ ഒരു യൂറോപ്യൻ വനിതയ്ക്ക് ദുബായ് മിസ്ഡീമെനർ കോടതി 10,000 ദിർഹം പിഴ ചുമത്തി.
വനിതയെ മൂന്ന് മാസത്തേക്ക് ഈ ശൃംഖല ഉപയോഗിക്കുന്നതിൽ നിന്ന് കോടതി വിലക്കുകയും ഇന്റർനെറ്റിൽ നിന്ന് അധിക്ഷേപകരമായ കമന്റുകൾ ഇല്ലാതാക്കാൻ ഉത്തരവിടുകയും ചെയ്തു. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉദ്യോഗസ്ഥൻ ഗൂഗിൾ മാപ്സ് ആപ്പിലൂടെ കമ്പനിയെ കുറിച്ച് കുറ്റകരമായ കമന്റുകൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
2018 ൽ കമ്പനിയിൽ നിന്ന് മൂന്ന് അപ്പാർട്ട്മെന്റുകൾ വാങ്ങിയെന്നും അവിടെ രണ്ട് അപ്പാർട്ടുമെന്റുകൾ കൃത്യസമയത്ത് ലഭിച്ചെന്നും 500,000 ദിർഹം വിലമതിക്കുന്ന മൂന്നാമത്തെ അപ്പാർട്ട്മെന്റ് കൈമാറുന്നതിൽ കമ്പനി കാലതാമസം വരുത്തി വഞ്ചിച്ചെന്നാണ് വനിത പോസ്റ്റ് ചെയ്തത്. യുഎഇയിൽ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.