ഗോൾഡ് എഫ് എമ്മിൽ സംപ്രേക്ഷണം ചെയ്യുന്ന ഗോൾഡ് വീൽ ഓഫ് ഫോർച്യൂൺ പരിപാടിയിലൂടെ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ നേർ പകുതി തന്നെക്കാൾ ആവശ്യമുള്ള മറ്റൊരാൾക്ക് സമ്മാനിച്ച യുവാവിന് അഭിനന്ദന പ്രവാഹം. എടപ്പാൾ സ്വദേശിയായ ഇർഷാദാണ് മനുഷ്യസ്നേഹം കൊണ്ട് മാതൃകയായത്. കാൻസർ രോഗബാധിതയായ മകളുടെ ചികിത്സയ്ക്ക് വേണ്ടി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച് നടക്കാതെ പോയ അബ്ദുൽ സലാമിനാണ് ഇർഷാദ് തനിക്ക് ലഭിച്ച തുകയുടെ പകുതി നൽകിയത്.
ഗോൾഡ് വീൽ ഓഫ് ഫോർച്യൂൺ പരിപാടിയിൽ രാവിലെ പട്ടാമ്പി സ്വദേശിയായ അബ്ദുൽ സലാം വിളിച്ചിരുന്നു. ഷാർജയിൽ തോട്ടം തൊഴിലാളിയായ ഇദ്ദേഹത്തിന്റെ മകൾ കാൻസർ ബാധിതയായി ആർ സി സിയിൽ ചികിത്സയിൽ ആണ്. തനിക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളം ദൈനംദിന ചെലവുകൾക്ക് മാത്രമേ തികയുന്നുള്ളൂ എന്നും മകൾക്ക് മെച്ചപ്പെട്ട ചികിത്സ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നതായും സലാം പറഞ്ഞു. എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹത്തിന് ആയിരുന്നില്ല ഇന്നത്തെ മത്സരത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.
ഡ്രൈവർ ആയി ജോലി ചെയ്യുന്ന ഇർഷാദ് എന്ന യുവാവ് റേഡിയോ വഴി അബ്ദുൽ സലാമിന്റെ പ്രശ്നങ്ങൾ അറിഞ്ഞ ഉടൻ തന്നെ തനിക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയാണെങ്കിൽ ലഭിക്കുന്ന തുകയുടെ പകുതി ആ സാധു മനുഷ്യന് നൽകുമെന്ന് ഉറപ്പിച്ചിരുന്നു. നിയോഗം പോലെ ഇർഷാദിനെ തേടി ആർ ജെ വൈശാഖിന്റെയും സമീറയുടെയും കോൾ എത്തുകയായിരുന്നു. തനിക്ക് എത്രയാണോ സമ്മാനമായി ലഭിക്കുന്നത് അതിന്റെ പകുതി സലാമിക്കയ്ക്ക് നൽകി ബാക്കി മാത്രം നൽകിയാൽ മതി എന്ന് ഇർഷാദ് ആദ്യം തന്നെ വ്യക്തമാക്കി.
3500 ദിർഹമാണ് മത്സരത്തിൽ ഇർഷാദ് സ്വന്തമാക്കിയത്. അബ്ദുൽ സലാമിനോട് സംസാരിക്കണോ എന്ന അവതാരകരുടെ ചോദ്യത്തിന് വേണ്ട എന്നാണ് ഇർഷാദ് മറുപടി നൽകിയത്. അതിനു താൻ താല്പര്യപ്പെടുന്നില്ല. അദ്ദേഹത്തിനും മകൾക്കും വേണ്ടി പ്രാർത്ഥിക്കാം എന്നും ഈ യുവാവ് മറുപടി നൽകി.
വ്യക്തിപരമായ ഒരുപാട് പ്രശ്നങ്ങൾക്കിടയിലും തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ നേർ പകുതി കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു സഹജീവിക്ക് പങ്കുവയ്ക്കാൻ ഇർഷാദ് കാണിച്ച നല്ല മനസ്സ് പ്രവാസികൾക്കിടയിലും പുറത്തും ചർച്ചയാവുകയാണ്. കേൾക്കുന്നവരെല്ലാം ഇദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.