യുഎഇയിൽ നിർമ്മിച്ച ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ആറ് മാസത്തിനുള്ളിൽ നിരത്തിലെത്തുമെന്ന് ബ്രാൻഡിന്റെ എമിറാത്തി സ്ഥാപകൻ റാഷിദ് അൽ സാൽമി പറഞ്ഞു.
ബൈക്കിന്റെ ട്രയലിനായി ഡെലിവറി, ലോജിസ്റ്റിക് കമ്പനികൾക്ക് പ്രോട്ടോടൈപ്പുകൾ നൽകുന്നതിന് ചർച്ചകൾ നടത്തിവരികയാണെന്നും ആറ് മാസത്തിനകം ബൈക്കുകൾ ഡെലിവറിക്കായി നിരത്തിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് റാഷിദിന്റെ കമ്പനിയായ സുൽമി EB-ONE പുറത്തിറക്കിയത്. മേഖലയിലെ ഏറ്റവും വലിയ അത്യാധുനിക മേക്കർസ്പേസായ ഷാർജ റിസർച്ച്, ടെക്നോളജി, ഇന്നൊവേഷൻ പാർക്ക് (SRTIP) യുടെ SoiLAB സൗകര്യത്തിൽ നിന്നുമുള്ള ആദ്യത്തെ മാർക്കറ്റ്-റെഡി ഉൽപ്പന്നമാണിത്.
മിനുസമാർന്ന രൂപഭാവത്തിൽ നിർമ്മിച്ച ഈ ബൈക്കിന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുണ്ട്, ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഓടാനാകും. റൈഡർ സുരക്ഷിതത്വത്തിനായുള്ള ഇന്റലിജന്റ് സാങ്കേതിക വിദ്യകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ സൈഡിൽ സ്ഥാപിച്ച ക്യാമറ റോഡിൽ 360 ഡിഗ്രി സ്കാൻ ചെയ്യുന്നു. ബൈക്കിന്റെ മുൻവശത്തുള്ള ഒരു സ്‌ക്രീൻ റൈഡറുടെ മൊബൈൽ ഫോണിനെ പ്രതിഫലിപ്പിക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ഫോണുകൾ അമിതമായി ചൂടാകുന്ന പ്രശ്‌നം പരിഹരിക്കുകയും ചെയ്യും.